Tuesday, January 26, 2010

അവശേഷിക്കുന്നത്.........



(1 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ മണലാരണ്യങ്ങളില്‍
അലയുവാന്‍ വിടുകയാണ്
ദാഹിച്ചു വലയുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(2 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ കടലുകളിലലിയുവാന്‍
ഒഴുക്കുകയാണ്
ഉപ്പുവെള്ളം തളര്‍ത്തുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(3 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ മേഘങ്ങളെപ്പോലെ
സ്വാതന്ത്രമാക്കുകയാണ്
ചിറകു തളരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(4 )
എന്റെ വേദനകള്‍-
അവയെ ഞാന്‍
മഞ്ഞുമലകളില്‍
തപസ്സിനയക്കുകയാണ്
ഓര്‍മ്മകളുണരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

പക്ഷെ ......
ദാഹിച്ച ഹൃദയവുമായി
ദഹിച്ച മനസ്സുമായി
തളര്‍ന്ന നാവുമായി
തരിച്ച ചിന്തകളുമായി;
കുഴഞ്ഞ ചിറകുമായവര്‍
തിരികെ വരുമ്പോള്‍...

ഒരു കാറ്റു പോലുമായി മാറാന്‍
കഴിയാതെ
മോഹങ്ങളുറഞ്ഞ
മഞ്ഞു മൂടിയ
സ്വപ്നങ്ങളുയി൪ത്തു പൊങ്ങിയ
പുല്‍നാമ്പുകളാകുമോ
എന്റേതെന്നു
പറയുവാ൯
പോലുമാകാതെ
ബാക്കിയാകുക ...?

2 comments:

  1. ഏതു ത്യാഗത്തിനു പിന്നിലും അതു തിരിച്ചുവരുമെന്ന ഒരു വഴിക്കണക്കുണ്ട് :)
    ചിത്രകാരന്റെ ആശംസകള്‍ !!!!

    ReplyDelete