ഒരു വരി ഒഴുകുമോ......?
ഒരേ വരകളിലൊതുങ്ങുവാന്‍
ഒരേ നിരയിലെഴുതുവാന്‍
ഒരുക്കിയൊതുക്കുമ്പോള്‍
ഒപ്പമുണങ്ങിക്കൊഴിഞ്ഞൊരാ
ഓമനച്ചിറകുകള്‍ക്ക് ...
മഷിയിലൊലിച്ച് പോയൊരാ
മയില്‍പ്പീലിവ൪ണ്ണങ്ങള്‍ക്ക്
ഇലപ്പച്ചയാല്‍
മോചനം കൊടുക്കുവാനാകാത്ത
പോറലുകള്‍ക്ക്
കണ്‍തുറക്കുവാനാകുമോ
ഒരിക്കലെങ്കിലും..?
ഒത്തിരി വളരുമ്പോള്‍
ഒക്കെ പഠിച്ചുയരുമ്പോള്‍
ചിരിച്ച് ചതിക്കുവാനും
ചതിച്ച് ചിരിക്കുവാനും
ചവിട്ടി കയറുവാനും
ചവിട്ടി മെതിക്കുവാനും
ചവിട്ടടി മറക്കുവാനും
കാണേണ്ടത് മാത്രം
കാണുവാനും
കേള്‍ക്കേണ്ടത് മാത്രം
കേള്‍ക്കുവാനും
കരള്‍
കല്ലാക്കുവാനും
കഴിയുമ്പോള്‍ -
ഇലച്ചീന്തില്‍
ചോരയുരുക്കിയൊഴിക്കുമ്പോഴും
ഇലത്തുടിപ്പിനെ
ചുടും വിഷത്താലെരിക്കുമ്പോഴും
ഇലത്താളമറിഞ്ഞവരെ
ചുടലപ്പറമ്പിലേയ്കൊരുക്കുമ്പൊഴും ;
ഇടം കണ്ണിട്ടൊളിക്കുവാ൯
ഇടുങ്ങിയ തന്നിടങ്ങള്‍
തുടുപ്പിച്ച്
പൊലിപ്പിക്കുവാ൯
ഇളകിയാടി മതിമറക്കുമ്പോള്‍ ,
അഴുക്കുകൂമ്പാരങ്ങള്‍
ആഴത്തിലൊളിപ്പിക്കുമ്പോള്‍
എന്തിനോടുമെപ്പോഴും
ഇങ്ങനെയും എങ്ങനെയും
ഇണങ്ങുവാന്‍
ശീലിപ്പിച്ച
പാഠങ്ങള്‍ക്ക്
പാഠഭേദങ്ങളായ്
പുതുചോദ്യങ്ങളെഴുതി-
-ച്ചേ൪ക്കുവാനാകുമോ ;
എപ്പൊഴെങ്കിലും...?
ഒരുത്തരം , -
ഒരുണ൪വാകുമോ
എപ്പൊഴെങ്കിലും ...?
വരള്‍ച്ചകള്‍ക്കിടയില്‍
വരകളും
നിരകളും
ഭേദിച്ച്
നിറഞ്ഞൊഴുകുമോ
വരികള്‍ ;
ഒരിയ്കലെങ്കിലും ... ?
നിറഞ്ഞൊഴുകുമോ
വരികള്‍ ;
ഒരിയ്കലെങ്കിലും ... ?
No comments:
Post a Comment