Wednesday, March 24, 2010

കഴിഞ്ഞ അവധിക്കാലത്ത് ; പോയ അദ്ധ്യയനവര്‍ഷം സമ്മാനിച്ച വേദനകളും ആകുലതകളും പിന്നെ പണ്ടേ പിന്തുടരുന്ന ചില ആശന്കകളും അങ്ങനെയങ്ങനെ അകെ വിഷമമായപ്പോള്‍ എഴുതിപ്പോയതാ... പക്ഷെ എവിടെയോ ഒരിറ്റ് സ്നേഹം,മനുഷ്യത്വം ,ഒക്കെ പുതിയ ഭാവങ്ങളില്‍ ആണെങ്കിലും തീര്‍ച്ചയായും ഓരോ കുഞ്ഞു മനസ്സിലും ഉണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു...


ഒരു വരി ഒഴുകുമോ......?



ഒരേ വരകളിലൊതുങ്ങുവാന്‍
ഒരേ നിരയിലെഴുതുവാന്‍
ഒരുക്കിയൊതുക്കുമ്പോള്‍
ഒപ്പമുങ്ങിക്കൊഴിഞ്ഞൊ
ഓമനച്ചിറകുകള്‍ക്ക് ...
മഷിയിലൊലിച്ച് പോയൊരാ
മയില്‍‌പ്പീലിവ൪ണ്ണങ്ങള്‍ക്ക്
ഇലപ്പച്ചയാല്‍
മോചനം കൊടുക്കുവാനാകാത്ത
പോലുകള്‍ക്ക്
കണ്‍തുറക്കുവാനാകുമോ
ഒരിക്കലെങ്കിലും..?

ഒത്തിരി വളരുമ്പോള്‍
ഒക്കെ പഠിച്ചുയരുമ്പോള്‍
ചിരിച്ച് ചതിക്കുവാനും
ചതിച്ച് ചിരിക്കുവാനും
ചവിട്ടി കയറുവാനും
ചവിട്ടി മെതിക്കുവാനും
ചവിട്ടടി മറക്കുവാനും
കാണേണ്ടത് മാത്രം
കാണുവാനും
കേള്‍ക്കേണ്ടത് മാത്രം
കേള്‍ക്കുവാനും
കരള്‍
കല്ലക്കുവാനും
കഴിയുമ്പോള്‍ -

ഇലച്ചീന്തില്‍
ചോരയുരുക്കിയൊഴിക്കുമ്പോഴും
ഇലത്തുടിപ്പിനെ
ചുടും വിഷത്താലെരിക്കുമ്പോഴും
ഇലത്താളമറിഞ്ഞവരെ
ചുടലപ്പമ്പിലേയ്കൊരുക്കുമ്പൊഴും ;
ഇടം കണ്ണിട്ടൊളിക്കുവാ൯
ഇടുങ്ങിയ തന്നിടങ്ങള്‍
തുടുപ്പിച്ച്
പൊലിപ്പിക്കുവാ൯
ഇളകിയാടി മതിമറക്കുമ്പോള്‍ ,
അഴുക്കുകൂമ്പാരങ്ങള്‍
ആഴത്തിലൊളിപ്പിക്കുമ്പോള്‍
എന്തിനോടുമെപ്പോഴും
ഇങ്ങനെയും എങ്ങനെയും
ഇണങ്ങുവാന്‍
ശീലിപ്പിച്ച
പാ‌‌ഠങ്ങള്‍ക്ക്
പാഠഭേദങ്ങളായ്
പുതുചോദ്യങ്ങളെഴുതി-
-ച്ചേ൪ക്കുവാനാകുമോ ;
എപ്പൊഴെങ്കിലും...?
ഒരുത്തരം , -
ഒരുണ൪വാകുമോ
എപ്പൊഴെങ്കിലും ...?

വരള്‍ച്ചകള്‍ക്കിടയില്‍
വരകളും
നിരകളും
ഭേദിച്ച്
നിറഞ്ഞൊഴുകുമോ
വരികള്‍ ;
ഒരിയ്കലെങ്കിലും ... ?